04:25am 26 July 2026
NEWS
രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു
25/07/2026  06:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു
HIGHLIGHTS

പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാ ബായി രാജഗിരി നോളജ് സമ്മിറ്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച ത്രിദിന രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു. അറിവിലൂടെ അഭിവൃദ്ധി എന്ന ആശയത്തെ ആധാരമാക്കി സംഘടിപ്പിച്ച സമ്മിറ്റല്‍ പ്രമുഖ ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, കലാസാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

സമാപന ദിനത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ ദയാ ബായി, അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ സെഷനുകള്‍ നയിച്ചു. എന്‍ഡോസഫാന്‍ ദുരിതബാധിതരുടെ ജീവിതങ്ങളെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുംവിധം സെഷനില്‍ ദയാ ബായി നടത്തിയ ഏകാംഗ അവതരണം ശ്രദ്ധേയമായി. കൃത്യമായ ലക്ഷ്യം നമുക്ക് ഉണ്ടാവണമെന്നും ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണമാവണം ജീവിതമെന്നും അവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. മൂന്നാം വയസ്സില്‍ തന്റെ പിതാവില്‍ നിന്ന് ഗാന്ധിജിയേയും റാണി ലക്ഷ്മിബായിയെയും കുറിച്ച് കേട്ട ആശയങ്ങള്‍ തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ സഹായകമായെന്ന് പറഞ്ഞ ദയാ ബായി ബൈബിളും ഭരണഘടനയുമാണ് തന്റെ വഴിവിളക്ക് എന്നും കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡിന്റെ പ്രശ്‌നങ്ങളെ മുഖ്യധാരയില്‍ എത്തിക്കാന്‍ രാജഗിരിയിലെ വിദ്യാര്‍ത്ഥികളുടെ സഹകരണം ദയാബായി അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ട് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നപരിഹാരത്തിനായി ഒപ്പു ശേഖരണം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. ലാലി മാത്യു പ്രഖ്യാപിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫസല്‍ ബഷീറിന്റെ ട്രിക്‌സ്മാനിയ മെന്റലിസം ഷോയോടെ സമ്മിറ്റ് സമാപിച്ചു. 

രാജഗിരി നോളജ് സമ്മിറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ടൈറ്റില്‍ സ്‌പോന്‍സര്‍ ബീറ്റീസ്  അക്കാഡമി ഓഫ് കൊമേഴ്‌സ്, മറ്റ് സ്‌പോന്‍സര്‍മാര്‍, വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കോളേജ് ഡയറക്ടര്‍ റവ. ഫാ. അജീഷ് പുതുശ്ശേരി സി. എം. ഐ നന്ദി രേഖപ്പെടുത്തി. പ്രിന്‍സിപ്പാള്‍ ഡോ. ലാലി മാത്യു, ആര്‍. കെ. എസ്. കണ്‍വീനര്‍ ഡോ. നീനു കുര്യാക്കോസ്, കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ഇന്ദു ജി. കൃഷ്ണന്‍, ഡോ. അഞ്ജു മരിയ സെബാസ്റ്റ്യന്‍, ഡോ അഖില്‍ എം.എ. എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img